സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടതാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, തുടങ്ങിയവർ പ്രത്യേകം ശ്രദ്ധക്കണം. ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം എന്നീ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പകൽ സമയങ്ങളിൽ ജോലിയിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുന്നതോടൊപ്പം നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം. ഉയർന്ന ശരീര താപനില, ഹൃദയമിടിപ്പ്, വരണ്ട ചർമ്മം, തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം തുടങ്ങിയവ തോന്നിയാൽ സ്വയം ചികിത്സിക്കരുത്. ആശുപത്രികളിൽ ചികിത്സ തേടുക.






















