ഡോളോ 650; ഇന്ത്യക്കാര്‍ കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ

ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ’
ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോ​ഗശീലത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം. നിരവധി പേരാണ് ഡോക്ടറെ അനുകൂലിച്ച് പ്രതികരണങ്ങൾ പങ്കുവെച്ചത്. മറ്റേതു മരുന്നിനേയും പോലെ അമിതമായാൽ വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മരുന്നാണ് ഡോളോ. വേദന, വീക്കം, പനി എന്നിവയ്ക്ക് കാരണമാകുന്ന പ്രോസ്റ്റ​ഗ്ലാൻഡിൻ പുറപ്പെടുവിക്കുന്നതിനെ പ്രതിരോധിക്കുന്ന പാരസെറ്റാമോൾ അടങ്ങിയ ​ഗുളികയാണ് ഡോളോ-650. പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഉദരം, ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് കുഴപ്പമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. 65 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് പ്രശ്നം കണ്ടെത്തിയത്. നിസ്സാര കാരണങ്ങള്‍ക്കു പോലും കണക്കില്ലാതെ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കിയിരുന്നു. പഠനവിധേയരായ മരുന്നുപയോക്താക്കളില്‍ കുടലിലെ രക്തസ്രാവത്തിന് 36 ശതമാനം സാധ്യത കൂടുതലാണെന്നാണ് തെളിഞ്ഞത്. പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിന് 24 ശതമാനം കൂടുതല്‍ സാധ്യതയുണ്ട്. വൃക്കത്തകരാറിന് 19-ഉം ഹൃദയപ്രശ്‌നങ്ങള്‍ക്ക് ഒന്‍പതും രക്തസമ്മര്‍ദത്തിന് ഏഴുശതമാനവും സാധ്യത കൂടുതലാണ് കണ്ടെത്തിയത്.