
സംസഥാനത്തെ സർക്കാർ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് ‘ഭദ്രം’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. സംസഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകി. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ പൊതുമേഖലയിലെ 1280ലധികം ആരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിക്കുകയാണ് ഭദ്രം’ പദ്ധതിയുടെ ലക്ഷ്യം. വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേഷം ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ പദ്ധതി അംഗീകരിച്ചത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 12.57 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ സേവങ്ങൾ തടസ്സപ്പെടാതെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രവർത്തനപദ്ധതി ആശുപത്രിക്കൾക്കായി ആവിഷ്കരിക്കുക എന്നതാണ് ഭദ്ര’ത്തിൻറെ അടിസ്ഥാന ലക്ഷ്യം. ഓരോ ആശുപത്രിയിൽനിന്നും ഒരു ടീമിനെ തെരഞ്ഞെടുത്ത് ദുരന്ത നിവാരണത്തിൽ പരിശീലനവും നൽകും. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻററിനാണ് ഇതിൻറെ ചുമതല. പദ്ധതിയുടെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളുടെയും സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷംതന്നെ പൂർത്തിയാക്കും.




















