ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് വഴിവെച്ചേക്കാമെന്ന മുന്നറിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാര്‍ഗം. അതിനാല്‍ വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍ക്കൂരയിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.