പോടാ പുല്ലെയെന്ന് പറഞ്ഞ് പോകാനില്ല: അതൃപ്തി വ്യക്തമാക്കി ആര്‍. ശ്രീലേഖ

മികച്ച ലീഡില്‍ ഭരണം ലഭിച്ചിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നല്‍കുന്നതില്‍ നിന്ന് ബി.ജെ.പി നേതൃത്വം പിന്നോട്ട് പോയതില്‍ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ആര്‍ ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയറാക്കുമെന്ന ഉറപ്പ് നല്‍കിയതിനാലാണ് മത്സരിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താന്‍. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നല്‍കി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. താനാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്. പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ തന്നെ ഉണ്ടാകുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു