ആറു വര്‍ഷത്തിനിടെ എറണാകുളത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 85 പേര്‍

എറണാകുളം ജില്ലയിൽ ആറ് വർഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ജീവൻ പൊലിഞ്ഞത് 85 പേർക്കെന്ന് റിപ്പോർട്ട്. 2020 മുതൽ 2025 വരെയുളള കാലയളവിലാണ് ഈ മരണങ്ങൾ. ഏറ്റവും അധികം മരണം ഉണ്ടായത് 2023ലാണ്. 27 പേർക്ക് ഇതേ വർഷം ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടമായെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെ 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങി. വിവരാവകാശ പ്രവർത്തകൻ രാജു വായക്കാലയുടെ അപേക്ഷയ്ക്കുള്ള ആരോഗ്യവകുപ്പിന്റെ മറുപടിയിലാണ് കൊതുകുജന്യ രോഗങ്ങളാൽ ജീവൻ പൊലിഞ്ഞവരുടെ കണക്ക് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ നടന്നതും എറണാകുളം ജില്ലയിലാണ്. ആറ് വർഷക്കാലയളവിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്ത 15 പേരാണ് മരിച്ചത്. 2023, 2025 വർഷങ്ങളിൽ ഓരോ മലേറിയ മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.