മുൻ കർണാടക ക്രിക്കറ്റ് താരം കെ ഹൊയ്സാല ഹൃദയാഘാതം മൂലം അന്തരിച്ചു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക ടൂർണമെന്റ് നടക്കുന്നതിനിടെയാണ് സംഭവം. കർണാടകയുടെ വിജയത്തിന് ശേഷം ടീമംഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചു തന്നെ മറ്റു ടീമംഗങ്ങൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.