കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം, പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് ചരിത്രത്തില്‍ ഇതിന് മുന്‍പും ഇതില്‍ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ് ജൂണ്‍ മാസങ്ങളില്‍ എല്ലാ ഘടകങ്ങളും വിളിച്ച് ചേര്‍ക്കും. ഇന്ന് നടന്നത് പ്രാഥമിക പരിശോധന മാത്രമാണ്. സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാന്‍ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും. പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.



















