സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ചരിത്ര നേട്ടമൊരുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അപൂര്‍വ്വമായ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസ്സുകാരനെ മൂന്ന് മാസത്തെ ചികിത്സയിലൂടെയാണ് രോഗമുക്തനാക്കിയത്. ലോകത്തുതന്നെ വളരെ അപൂര്‍വ്വമായാണ് ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത്. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനെയും രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദിച്ചു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടിക്ക് മസ്തിഷ്‌കജ്വരം ബാധിക്കുന്നത്. ഇതിനിടെ കുട്ടിക്ക് ബോധക്ഷയവും ശരീരം തളരുന്ന അവസ്ഥയും ഉണ്ടായിരുന്നു. തുടര്‍ന്ന് ആലപ്പുഴില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുകയായിരുന്നു.






















