2020-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കോളോറെക്ടൽ കാൻസർ 9,30,000 മരണങ്ങൾക്കും 19 ലക്ഷം പുതിയ കേസുകൾക്കും കാരണമായതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2040-ഓടെ ഇത് 73% വരെ വർധിക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പ്രതിവർഷമുള്ള മരണസംഖ്യ 16 ലക്ഷത്തിലേക്ക് ഉയരാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂന്നാം ഘട്ട വൻകുടൽ കാൻസർ ബാധിച്ച 826 രോഗികളെയാണ് പഠനത്തിൽ പരിശോധിച്ചിരിക്കുന്നത്. ഇതിൽനിന്ന്, ആഴ്ചയിൽ രണ്ടോ അതിലധികമോ ഔൺസ് നട്‌സ് കഴിക്കുന്ന രോഗികൾക്ക് കാൻസർ വീണ്ടും വരാനുള്ള സാധ്യത 42 ശതമാനവും മരണസാധ്യത 57 ശതമാനവും കുറയുമെന്ന് കണ്ടെത്തി. ബദാം, വാൾനട്ട്, ഹേസൽനട്ട്, കശുവണ്ടി, പെക്കൻ തുടങ്ങിയ ട്രീ നട്‌സുകളിൽ മാത്രം ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഗുണങ്ങൾ കൂടുതൽ വ്യക്തമായി. ഇവ കഴിക്കാത്തവരെ അപേക്ഷിച്ച്, ആഴ്ചയിൽ കുറഞ്ഞത് രണ്ട് ഔൺസ് ട്രീ നട്‌സ് കഴിക്കുന്ന ആളുകൾക്ക് രോഗം വീണ്ടും വരാനുള്ള സാധ്യത 46 ശതമാനവും മരണസാധ്യത 53 ശതമാനവും കുറവായിരുന്നു. സ്ഥിരമായി നട്‌സ്, പ്രത്യേകിച്ച് ട്രീ നട്‌സ് കഴിക്കുന്നത് വൻകുടലിലെ കാൻസർ തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കുന്നതിലും അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. Journal of Clinical Oncology-യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.




















