രാഹുലിന് എതിരെ നടപടി വേണം: നീതി തേടി അതിജീവിതയുടെ ഭര്‍ത്താവ്

ലൈംഗിക പീഡന കേസിന് പിന്നാലെ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്കും കുടുംബത്തിനുണ്ടായ തകര്‍ച്ചയ്ക്കും കാരണക്കാരനായ കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിനെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎല്‍എയാണ് ഇത്തരത്തില്‍ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നം അല്ല. പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ശബ്ദിക്കുന്നത്. എന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്കും എന്റെ ഭാര്യക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കാന്‍ വന്നു എന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെ എങ്കില്‍ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎല്‍എ നല്‍കുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് ചോദിച്ചു.