കർഷകസമരം നിർത്താൻ 5 വാഗ്ദാനങ്ങളുമായി കേന്ദ്രം

കർഷക സമരം നിർത്താനുള്ള 5 വാഗ്ദാനങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു. കൃഷി നിയമങ്ങൾക്കെതിരായ പ്രേക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ സമ്മതമാണെന്നതും കേന്ദ്ര സർക്കാർ കർഷകരെ അറിയിച്ചു. ആഭ്യന്തര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിൽ പ്രതികരണമില്ല.

കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ;

  1. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ വഴി നഷ്ടപരിഹാരം നൽകും.
  2. സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിയാൽ കർഷകരുടെ മേലുള്ള കേസുകൾ പിൻവലിക്കും.
  3. കർഷക പ്രതിനിധികളെയും ഉൾപ്പെടുത്തി താങ്ങ് വില നിശ്ചയിക്കാൻ സമിതിയെ വെയ്ക്കാം.
  4. കർഷകർക്ക് എതിർപ്പുള്ള ഭാഗങ്ങളൊഴിവാക്കി വൈദ്യുതി ഭേദഗതി ബില്ലിൽ പരിഷ്കരണം വരുത്താം.
  5. മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകർക്കെതിരെ പിഴ, ക്രിമിനൽ കുറ്റം എന്നിവ ചുമത്തുന്ന വ്യവസ്ഥ ഒഴിവാക്കും.

എന്നാൽ കേസുകൾ പിൻവലിച്ചാൽ മാത്രമേ വീടുകളിലേക്ക് മടങ്ങുകയുള്ളു എന്നും പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസുകൾ പിന്വലിക്കുകയുള്ളു എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കർഷകർ കേന്ദ്രത്തിന് അയച്ച മറുപടിക്കത്തിൽ പറയുന്നു. നിയമം വഴി തന്നെ താങ്ങ് വില ഉറപ്പാക്കണമെന്നും അക്കാര്യത്തിൽ വ്യക്തത വേണമെന്നും കർഷകർ വ്യക്തമാക്കി.

LEAVE A REPLY