വ്യാപക പരാതി, ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ജനിതക കൗണ്‍സലിങ് കേന്ദ്രങ്ങള്‍, പ്രജനന സാങ്കേതികസഹായ ബാങ്കുകള്‍, കൃത്രിമ ഗര്‍ഭധാരണത്തിനായി ഭ്രൂണവും മറ്റും കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് രജിസ്ട്രേഷന്‍ കൊണ്ടുവരുക. ഇത്തരം സ്ഥാപനങ്ങളുടെ ദേശീയ രജിസ്ട്രി തയ്യാറാക്കാനാണ് കേന്ദ്രതീരുമാനം. വന്ധ്യതാനിവാരണ ചികിത്സയുടെയും അനുബന്ധസേവനങ്ങളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകളും സാമ്പത്തികഇടപാടുകളും സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

കേന്ദ്രനിര്‍ദേശാനുസരണം രജിസ്ട്രേഷന്‍ നടപടികള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വൈസ് ചെയര്‍പേഴ്സണായി പ്രത്യേക അതോറിറ്റിക്കും രൂപം നല്‍കി. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതോറിറ്റി, സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവകാശവാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചശേഷമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. അപേക്ഷ ലഭിച്ചാല്‍ 90 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം. മൂന്നുവര്‍ഷത്തേക്കാണ് ആദ്യം രജിസ്ട്രേഷന്‍ നല്‍കുക. ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് പരാതികളുണ്ടെങ്കിലും അതോറിറ്റിയെ സമീപിക്കാം. വന്ധ്യതാനിവാരണ സേവനരംഗത്ത് ചൂഷണംനടന്നതായി കണ്ടെത്തിയാല്‍ പത്തുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനെടുക്കാത്ത ക്ലിനിക്കുകള്‍ക്ക് ഇനിമുതല്‍ പ്രവര്‍ത്തനാനുമതി ലഭിക്കില്ല.

LEAVE A REPLY