ശർക്കര നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ?

ശർക്കര നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ ? വരും തലമുറക്ക് മായം ചേർക്കലിനേക്കുറിച്ചും മായംചേർക്കുന്ന വസ്തുക്കളെക്കുറിച്ചും അറിവ് നൽകുന്നതിനാണ് ഡോക്ടർ ലൈവ് ഇത്തരം വാർത്തകൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. പഞ്ചസാരക്ക് പകരമായി ശർക്കര ഉപയോഗിക്കുന്ന ഒരു പുതിയ ട്രെൻഡ് ഇപ്പോൾ മലയാളികൾക് ഇടയിലുണ്ട്. എന്നാൽ വാഷിങ് സോഡ, മെറ്റാനിൽ മഞ്ഞ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ മായം ചേർത്ത ശർക്കര വിപണികളിൽ വിൽക്കുന്നുണ്ടെന്ന് സമീപകാല റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഈ മായം ചേർത്ത ശർക്കര നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുകയും ശരീരത്തെ വിഷാംശത്തിലേക്ക് നയിക്കുകയും ചെയ്യു മെന്ന് പഠനങ്ങൾ പറയുന്നു. ബംഗളൂരുവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ ചില വിൽപനക്കാർ ശർക്കര വാഷിങ് സോഡയിലും, ചോക്ക് പൊടിയിലും കലർത്തി അളവ് വർധിപ്പിക്കുന്നതായും, സുരക്ഷിതമല്ലാത്ത പാക്കേജിങ് രീതികളും അന്വേഷണത്തിൽ കണ്ടെത്തി. മെറ്റാനിൽ മഞ്ഞ ചേർക്കുന്നത് ഉൽപ്പന്നത്തിന് കൃത്രിമ സ്വർണ-മഞ്ഞ നിറം നൽകുന്നു. വൃത്തിയാക്കലിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉയർന്ന ക്ഷാര സ്വഭാവമുള്ള ഒരു രാസവസ്തുവായ, വാഷിങ് സോഡ കഴിക്കുമ്പോൾ ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകുമെന്നാണ്, റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ശുദ്ധമായ ശർക്കരയിൽ ഇരുമ്പ്, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കരൾ വിഷവിമുക്തമാക്കുന്നതിനും ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട ശർക്കരയുടെ സുരക്ഷയെക്കുറിച്ച് ഇന്ന് ആശങ്കകൾ ഏറെയാണ്.