ഇന്ത്യക്കാരിൽ നേരത്തേ കഷണ്ടിയും മുടികൊഴിച്ചിലും കണ്ടുവരുന്നതിനേക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ

ഇന്ത്യക്കാരിൽ നേരത്തേ കഷണ്ടിയും മുടികൊഴിച്ചിലും കണ്ടുവരുന്നതിനേക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ. മുടികൊഴിച്ചിലിന് ഒരൊറ്റ കാരണം മാത്രം കണ്ടെത്തുക സാധ്യമല്ലെന്നും ജനിതകം, പോഷകാഹാരം, ജീവിതശൈലി, സമ്മർദം തുടങ്ങി ഒന്നിലേറെ ഘടകങ്ങളുടെ ഫലമാണ് ഇതെന്നും ആരോഗ്യവിദദ്ധർ പറയുന്നു. കഷണ്ടി കയറുന്നതിൽ എഴുപത് ശതമാനത്തിന് പുറകിലും ജനിതകമാണ് പ്രധാന കാരണമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. പുരുഷന്മാരിൽ നേരത്തേ കഷണ്ടി കയറുന്നതും സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുന്നതുമൊക്കെ പാരമ്പര്യ ഘടകങ്ങൾ മൂലമാണ്. പ്രോട്ടീൻ, വിറ്റാമിൻ എന്നിവയില്ലാത്ത ഭക്ഷണരീതിയും ഉറക്കക്കുറവും വ്യായാമമില്ലായ്മയും സമ്മർദവുമൊക്കെ ശരീരത്തെ തളർത്തുകയും അതുവഴി ഹെയർ ഫോളിക്കിളുകൾ നശിക്കുകയും ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. പോഷകം നിറഞ്ഞ ആഹാരം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നിവയിലൂടെ ഇത്തരം മുടികൊഴിച്ചിലിന് പരിഹാരം കണ്ടെത്താനാകുമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു.