വി.ഡി മുഖ്യമന്ത്രിയാകണം: പ്രിയങ്ക ഗാന്ധിക്ക് പരാതി പ്രവാഹം

മുഖ്യമന്ത്രി ആരാകണമെന്നതില്‍ കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം നടക്കുന്നതിന് ഇടയില്‍ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യമുയര്‍ത്തി പ്രിയങ്ക ഗാന്ധിക്ക് ഇമെയില്‍ പ്രവാഹം. വയനാട്ടില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് പ്രിയങ്ക ഗാന്ധിയെ ഇമെയിലിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യം എം.പിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും പ്രിയങ്കഗാന്ധിയെ വിഷയത്തില്‍ ഇടപെടുത്തുന്നതിനുമായി മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടത്താനാണ് അണികളുടെ പദ്ധതി.

അതേസമയം, പ്രവര്‍ത്തകരെ തെരുവിലിറക്കി നേതൃത്വത്തെ തെറ്റിദ്ധതിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് കെ.സി പക്ഷം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിന്മാറാനില്ലെന്ന നിലപാടിലാണ് കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ തെരുവിലെ പ്രതിഷേധങ്ങള്‍ക്ക് അപ്പുറം എം.എല്‍.എമാരുടെ സാല്‍പര്യമാണ് പരിഗണിക്കേണ്ടതെന്നും കെ.സി വിഭാഗം ചൂണ്ടിക്കാട്ടുക്കുന്നു.

മുഖ്യമന്ത്രി വിഷയത്തില്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്നും രമേശ് ചെന്നിത്തല പക്ഷം മൗനം പാലിക്കുകയാണ്. സീനിയോറിറ്റി അടിസ്ഥാനത്തില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യം അദ്ദേഹം നേരത്തെ ഉന്നയിച്ചിരുന്നു. തെരുവില്‍ വി.ഡി, കെ.സി പക്ഷങ്ങള്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.