ഹാൻഡ് ഷേക്കിലൂടെ നമ്മുടെ ആരോഗ്യസ്ഥിതി അളക്കാമെന്ന് പഠനം

ഹാൻഡ് ഷേക്കിലൂടെ നമ്മുടെ ആരോഗ്യസ്ഥിതി അളക്കാമെന്ന് പഠനം. അമേരിക്കയിലെ പെന്നിങ്ടൺ ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ശക്തയായി ഹാൻഡ് ഷേക്ക് നൽകുന്നവർക്ക് അമിതവണ്ണം കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും, അകാല മരണത്തിനുള്ള സാധ്യത കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. യുകെയിലെ 93,000ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. “പ്രീക്ലിനിക്കൽ ഒബിസിറ്റി” എന്ന ഘട്ടത്തിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടമാണിത്. ശരീരത്തിലെ കൊഴുപ്പ് ഉയരുമ്പോൾ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. അവയവങ്ങൾ പ്രവർത്തന രഹിതമാകുന്നു, ഹൃദ്രോഗ സാധ്യത വർധിക്കുന്നു. എന്നാൽ പേശി ബലം വർധിപ്പിച്ചാൽ അനാരോഗ്യത്തെ ശരീരം ചെറുത്തുനിൽക്കുന്നു. പേശി ബലം കൂടുതൽ ഉള്ളവർക്ക് ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പ് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പേശീ ബലമുള്ളവർക്ക് അത് കുറവുള്ളവരെ അപേക്ഷിച്ച് മരണ സാധ്യത 23 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.