സുകുമാരക്കുറുപ്പെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപടിച്ച ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. അസുഖബാധിതനായ ദാമോദര മേനോന്‍ നിലവില്‍ ബ്രൂണെയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളെ ശുശ്രുഷിക്കാന്‍ നിലവില്‍ കുടുംബാംഗങ്ങള്‍ സമീപത്തില്ലെന്നാണ് വിവരം. ദാമോദര മേനോനെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഇയാളെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറാണോ എന്നത് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നോര്‍ക്കയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കുടുംബം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ പകരം മറ്റെന്തെങ്കിലും പുനരധിവാസ ക്രമീകരണങ്ങള്‍ ആലോചിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോന്‍ തന്നെയാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.



















