ആലപ്പുഴയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു, വേണം ജാഗ്രത

ആലപ്പുഴയില്‍ ഇന്‍ഫ്‌ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവ്യാപനം വായുവിലെ സംഭവിക്കുന്നു എന്നതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തുടരുന്നവര്‍ ജാഗ്രത തുടരണം. പൊതുയിടങ്ങളില്‍ സമയം ചിലവഴിക്കുന്നവര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ ശരീര ശുദ്ധിവരുത്തുകയും മാസ്‌ക് ധരിക്കാന്‍ ശ്രമിക്കുകയും ശ്രദ്ധിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്, പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്, കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക. ആള്‍ക്കൂട്ടത്തില്‍ പോകുന്നതും വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ സമയം ചിലവിടുന്നതും പരമാവധി ഒഴുവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പനി പടരുന്നത് തടയാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.