പകല്‍ സമയത്തെ ക്ഷീണം ഒഴിവാക്കാന്‍

രാത്രി നല്ല പോലെ ഉറങ്ങിയാലും പകലും ഉറങ്ങാൻ തോന്നാറുണ്ടോ? ഉറക്കം ശരീരത്തിന് ഊർജം നൽകുന്ന അവിഭാജ്യ ഘടകമാണ്. സാധാരണ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ശരിയായി ഉറങ്ങാൻ സാധിച്ചാലും ചിലർക്ക് പിന്നെയും ക്ഷീണമാണ്. ഇത് ജോലിയിലും ജീവിതത്തിലും മോശമായി ബാധിച്ചേക്കാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ശരീരത്തിന്റെ ആരോഗ്യവും, സമ്മർദ്ദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ട ഘടകങ്ങളാണെങ്കിലും നമ്മുടെ ഭക്ഷണ ശീലവും അതുപോലെതന്നെ പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൊണ്ട് ഈ ശീലം മാറ്റാൻ സാധിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് ക്ഷീണത്തിനും അലസതക്കും വിളർച്ചക്കും കാരണമാകുന്നു. ഈ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ല മാർഗമാണ് ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ചീര ഇരുമ്പിന്റെ കലവറയാണ്. കൂടാതെ ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് പരിഹരിക്കുകയും ചെയ്യുന്നു. ഫോളിക് ആസിഡിന്റെ കുറവ് ക്ഷീണത്തിന് കാരണമാകും. ഈ കുറവ് പരിഹരിക്കാൻ ഒരു പ്രധാനപ്പെട്ട മാർഗമാണ് പരിപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. പരിപ്പ് പ്രോട്ടീനുകളാൽ സമ്പന്നമാണ്. മത്തങ്ങ വിത്തുകൾക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ മഗ്‌നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. രോഗപ്രതിരോധ മാർഗത്തിനുള്ള ശക്തമായ ഉറവിടമാണ് സിങ്ക്. ക്ഷീണത്തിൽ നിന്നും സമ്മർദത്തിൽനിന്നും രക്ഷപെടാൻ സിങ്ക് സഹായിക്കും. വിറ്റാമിൻ ബി12 ന്റെ കുറവ് ക്ഷീണത്തിനും ഉറക്കത്തിനും കാരണമാകും. ഇത് പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം കൊഴുപ്പ് അടങ്ങിയ മത്സ്യം കഴിക്കുന്നതാണ്. ‘ബ്രെയിൻ ഫുഡ്’ എന്നറിയപ്പെടുന്ന കൊഴുപ്പുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളമുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പകൽ സമയങ്ങളിൽ ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.