സ്ത്രീകളിൽ ആർത്തവ സമയത്ത് മൂഡ് സ്വിങ്‌സ് ഉണ്ടാകുന്നത് വളരെ സാധാരണയാണ്. ഏതൊരു സ്ത്രീയെ സംബന്ധിച്ചും ആർത്തവ ദിനങ്ങൾ പ്രയാസമേറിയതാണ്. വയറു വേദന, നടുവേദന, ക്ഷീണം, സ്തനങ്ങളിൽ വേദന തുടങ്ങിയ പലതരം അസ്വസ്ഥതകളിലൂടെ അവർ കടന്നു പോകുന്നു. ശാരീരിക അവശതകൾക്ക് പുറമെ മാനസികമായ ചില പിരിമുറുക്കവും ആർത്തവ സമയത്ത് ഉണ്ടാകാറുണ്ട്. എന്നാൽ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഈ അവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണക്രമത്തിൽ ധാരാളം ഉൾപ്പെടുത്തുക. മഗ്‌നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മൂഡ് സ്വിങ്‌സ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കഫീൻ, ആൽക്കഹോൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും മാനസികാവസ്ഥ കൂടുതൽ വഷളാക്കാൻ കാരണമാകും. അതിനാൽ ഇവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. നിർജ്ജലീകരണം മാനസികാവസ്ഥ മോശമാക്കും. അതിനാൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസേന 8 മിതൽ 12 ഗ്ലാസ് വെള്ളംവരെ കുടിക്കാം. ആരോഗ്യകരമായ മാനസികാവസ്ഥയെ പിന്തുണയ്ക്കാൻ ഇത് സഹായിക്കും. കൂടാതെ നല്ല ഉറക്കം മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കും. അതിനാൽ ആർത്തവ നാളുകളിൽ 8 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവ് മാനസികാവസ്ഥയെ മോശമായി ബാധിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.






















