പഞ്ചസാര ഒഴിവാക്കൂ ഹൃദയാരോഗ്യം സംരക്ഷിക്കു

പഞ്ചസാര ഉപയോഗം എത്ര നേരത്തെ ഒഴിവാക്കുന്നുവോ അത്രയും നേരത്തെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന് പഠനം. ദി ബിഎംജെ-യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 63,000ത്തിലധികം പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ, പ്രത്യേകിച്ച് നാം കഴിക്കുന്ന ഭക്ഷണം ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. മധുരം ചേർത്ത പാലിലും പലഹാരങ്ങളിലും സംസ്‌കരിച്ച ബേബി സ്‌നാക്കുകളിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന (WHO) ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധർ പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്നും ഗർഭകാലത്തുതന്നെ അതിന്റെ ഉപയോഗം പരിമിതപ്പെടുത്താനും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ചെറുപ്പത്തിലേ മധുരം ഒഴിവാക്കുന്നതിന്റെ പ്രയോജനങ്ങൾ പ്രായപൂർത്തിയായ ശേഷവും നിലനിൽക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ചെറുപ്പത്തിൽതന്നെ പഞ്ചസാര കുറഞ്ഞ ജീവിതശൈലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനത്തിൽ ഗവേഷകർ കൂട്ടിച്ചേർത്തു.