പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ സാധിക്കുമോ?

പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ സാധിക്കുമോ? ദന്ത ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനായി ജാപ്പനീസ് ഗവേഷകർ. പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താനൊരുങ്ങുകയാണ് ജപ്പാനിലെ ഗവേഷകർ. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെയും സംഘമാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. കിറ്റാനോ ആശുപത്രിയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിത്സാവിഭാഗം മേധാവി കട്‌സു തകഹാഷിയുടെ നേതൃത്വത്തിൽ 2021-ലാണ് ഈ മരുന്ന് വികസിപ്പിച്ചത്. 2030-ഓടെ ഈ മരുന്ന് വിപണിയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതുസംബന്ധിച്ച പഠനം ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമായാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം പുതിയ പല്ലുകൾ മുളപ്പിക്കാനാവും എന്നാണ് ഗവേഷക സംഘം അവകാശപ്പെടുന്നത്.