പുകവലി തീർച്ചയായും ശബ്ദത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. പുകവലി ശീലമാക്കിയ പലർക്കും ശബ്ദത്തിൽ മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇതിനെ പലപ്പോഴും ‘സ്മോക്കേഴ്സ് വോയ്സ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. പുകയിലയിലെ ദോഷകരമായ രാസവസ്തുക്കൾ തൊണ്ടയിലെയും ശബ്ദനാളത്തിലെയും അതിലോലമായ കോശങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇതിന് കാരണം. ഒരു സിഗരറ്റ് പോലും തൊണ്ടയിൽ അസ്വസ്ഥത, വരൾച്ച, താൽക്കാലിക വീക്കം എന്നിവക്ക് കാരണമാകും. ഇടക്കിടെ പുകവലിക്കുന്നത് സ്ഥിരമായ കേടുപാടുകൾക്ക് കാരണമാകില്ലെങ്കിലും ആവർത്തിച്ചുള്ള പുകവലി വിട്ടുമാറാത്ത വീക്കം, വോക്കൽ കോഡുകൾ കട്ടിയാകൽ, ചില സന്ദർഭങ്ങളിൽ നോഡ്യൂളുകൾ അല്ലെങ്കിൽ പോളിപ്സ് രൂപപ്പെടൽ എന്നിവക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. പുക ശ്വസിക്കുമ്പോൾ അത് നേരിട്ട് ശബ്ദനാളം വഴി കടന്നുപോകുന്നു. പുകയിലെ രാസവസ്തുക്കൾ ഈ നാളങ്ങളെ പ്രകോപിപ്പിച്ച് വീക്കമുണ്ടാക്കുന്നു. വീങ്ങിയ നാളങ്ങൾ ശരിയായി വിറക്കാത്തതിനാൽ ശബ്ദത്തിന് ഘനവും പരുപരുത്ത സ്വഭാവവും സംഭവിക്കുന്നു. ചൂട്, രാസവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വരൾച്ച, വീക്കം, പരുക്കൻ സ്വഭാവം എന്നിവക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശബ്ദനാളങ്ങൾക്ക് വീക്കം വരുമ്പോൾ അവയുടെ ഭാരം കൂടുന്നു. ഇത് അവയുടെ കമ്പനം കുറക്കുന്നു. തൽഫലമായി പുരുഷന്മാരിലും സ്ത്രീകളിലും ശബ്ദം സാധാരണ നിലയേക്കാൾ കൂടുതൽ ആഴമുള്ളതും കനത്തതുമായി മാറുന്നു. പുകവലി ശീലം ശബ്ദനാളത്തിൽ മുഴകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.



















