അമീബിക് മസ്തിഷ്കജ്വരം; ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

അപൂർവമായി കണ്ടിരുന്ന അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത് കൂടുതൽ പേരിൽ പ്രത്യക്ഷപ്പെട്ടതോടെ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ്‌ എം. നമ്പൂതിരിപ്പാട് വ്യക്തമാക്കി. കുളിക്കാൻ ഉപയോഗിക്കുന്ന കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്നും അദ്ദേഹം നിദ്ദേശിച്ചു. അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഡിഎംഒ അഭ്യർഥിച്ചു. ക്ലോറിനേഷൻ ചെയ്യാത്ത നീന്തൽ കുളങ്ങളിൽ കുളിക്കരുത്. നിലവിൽ റിപ്പോർട്ട്‌ ചെയ്ത അമീബിക് മസ്തിഷ്കജ്വര കേസുകളിൽ പ്രധാനമായും മൂക്കിലൂടെയാണ് അമീബ തലച്ചോറിലേക്ക് പ്രവേശിച്ചത്. അതിനാലാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മുങ്ങിക്കുളിയും ഡൈവ് ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശിച്ചത്. ജില്ലയിൽ മസ്തിഷ്കജ്വര ലക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ ആസ്പത്രികൾക്ക് ഡിഎഒ നിർദേശം നൽകി.