ചിലരെ മാത്രം കൊതുക് കൂടുതൽ കടിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദീകരിച്ച് ശാസ്ത്രജ്ഞർ

ചിലരെ മാത്രം കൊതുക് കൂടുതൽ കടിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദീകരിച്ച് ശാസ്ത്രജ്ഞർ. നെതർലാൻഡ്സിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ബിയർ ഉപഭോഗവും കൊതുകുകടിയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി.
പ്രധാന സംഗീതോത്സവമായ ലോലാൻഡിൽ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷകർ താൽക്കാലിക ലാബ് സ്ഥാപിച്ച്, ഗവേഷണത്തിൽ പങ്കെടുത്തവരുടെ ഭക്ഷണക്രമം, ശുചിത്വം, പെരുമാറ്റം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. ശേഷം കൊതുകുകൾ അടങ്ങിയ പ്രത്യേക പെട്ടിയിൽ കൈകൾ വച്ച്, എത്ര കൊതുകുകൾ ആകർഷിക്കപ്പെടുന്നു എന്ന് ക്യാമറകളിലൂടെ നിരീക്ഷിച്ചു. ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു, ബിയർ കുടിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് 1.35 മടങ്ങ് കൂടുതൽ കൊതുകുകളെ ആകർഷിക്കുന്നതായി കണ്ടെത്തി. പതിവായി കുളിക്കാത്തവരെയും കൊതുകുകൾ കൂടുതൽ തേടുന്നുവെന്ന് പഠനം വ്യക്തമാക്കി. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, കൊതുകുകൾ നേരിട്ട് മദ്യത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ല. മറിച്ച്, ബിയർ കുടിച്ചതിനെത്തുടർന്ന് ശരീരത്തിലെ വിയർപ്പിൽ വരുന്ന ഗന്ധവ്യത്യാസമാണ് കൊതുകുകളെ കൂടുതൽ ആകർഷിക്കുന്നത്. ഈ പഠനത്തിൽ കൂടുതലും യുവാക്കളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.അതിനാൽ വ്യത്യസ്ത പ്രായക്കാർക്കും ആരോഗ്യസ്ഥിതിയുള്ളവർക്കുമായി കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എന്നും ശാസ്ത്രജ്ഞർ പറയുന്നു.