സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ബാക്കി ഒൻപതു ജില്ലകളിൽ ഒാറഞ്ച് അലർട്ട് മുന്നറിയിപ്പ്. കാലവർഷക്കെടുതികളിൽ മരണം 23 ആയി. കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും വലിയ നാശനഷ്ടങ്ങളും ദുരിതവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നദികൾ, ജലാശയങ്ങൾ കരകവിഞ്ഞു. തീര പ്രദേശത്ത് കടലേറ്റവും ഉയർന്ന തിരമാലകളും തുടരുകയാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തീരങ്ങളിൽ റെഡ് അലർട്ടും മലപ്പുറം മുതൽ കാസർകോടുവരെയുള്ള തീരപ്രദേശത്ത് ഇന്നു രാത്രി വരെ ഓറഞ്ച് അലർട്ടും തുടരും. ജൂൺ മൂന്നു മുതൽ മഴയുടെ തീവ്രത കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.