അമീബിക് മസ്തിഷ്‌കജ്വരം വർധിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും മലിനീകരണ നിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ. മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു-സ്വകാര്യ നീന്തൽ കുളങ്ങളുടെ ഉപയോഗവും മലിനമായ കുളങ്ങളിലും തടാകങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും കുളിക്കുന്നതാണ് രോഗബാധയ്ക്കുള്ള കാരണങ്ങളെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലനകേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പുകാർ അതാതിടങ്ങളിലെ വെള്ളം ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഇതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. പഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥർ വരുമ്പോൾ രജിസ്റ്റർ ഹാജരാക്കണം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിൽ ക്ലോറിനേഷൻ നടത്തണം. ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിന് ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധിക്കണം. അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കുടിവെള്ള വിതരണശൃംഖലകളിലെ വെള്ളം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല. ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും ഖരമാലിന്യം തള്ളുന്നതും തടയണം. തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.



















