കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് ആരോപണം

വാടക ഗർഭധാരണത്തിലൂടെ ലഭിച്ച കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് ആരോപണം. ജനിച്ച കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് സ്വതന്ത്ര ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ കണ്ടെത്തിയതയാണ് റിപ്പോർട്ട്. ഇതോടെ അനധികൃത വാടക ഗർഭധാരണ കേന്ദ്രത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും , ബീജക്കടത്തു റാക്കറ്റ് ഉൾപ്പെടെ ഈ കേന്ദ്രം ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. പാവപ്പെട്ട സ്ത്രീകളെ വാടക ഗർഭധാരണത്തിലേക്ക് ആകർഷിക്കുകയും അനധികൃതമായി റീപ്രോഡക്റ്റീവ് മറ്റീരിയൽസ് കൈമാറുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രശ്മി പെരുമാൾ പറഞ്ഞു. ദമ്പതികളുടെ പരാതിയെ തുടർന്ന് ഫെർട്ടിലിറ്റി സെന്ററിൽ അധികൃതർ രാത്രിയെത്തി റെയ്ഡ് നടത്തി. പുലരുവോളം നീണ്ട റെയ്ഡിൽ പല സുപ്രധാന രേഖകളും കണ്ടെടുത്തു. ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ബീജവും അണ്ഡവും അനധികൃതമായി ശേഖരിച്ച് കടത്തുന്നതിൽ ക്ലിനിക്കിന് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയാതായി പറയുന്നു. സെക്കന്തരാബാദിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന് എതിരെയാണ് ദമ്പതികളുടെ പരാതി. വാടക ഗർഭധാരണത്തിനായി 35 ലക്ഷം രൂപയാണ് ഇവർ വാങ്ങിയിരുന്നത്. നിലവിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിലായതയാണ് റിപ്പോർട്ട്.