തെരുവുനായ ശല്യത്താൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിന് പിന്നാലെയാണ് ശക്തമായ വിമർശനം കോടതി ഉന്നയിച്ചത്. ദിവസേന കുട്ടികൾക്കടക്കം കടിയേൽക്കുന്നു. എന്തെങ്കിലും ചെയ്‌തേ പറ്റുവെന്നും വിഷയത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നായശല്യം നിയന്ത്രിക്കുക, കടിയേറ്റവർക്കുള്ള നഷ്ടപരിഹാര വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള വിവിധ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ പരാമർശം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള 9000 അപേക്ഷകൾ കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്.



















