വൃക്കയുടെ ആരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ഫ്‌ലൂയ്ഡ് റിറ്റൻഷനിലേക്കും ഉയർന്ന രക്തസമ്മർദത്തിലേക്കും നയിക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ചിപ്‌സ്, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ ഇവയിൽ സോഡിയം ധാരാളമുണ്ടാവും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കും. റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് വൃക്കയിൽ കല്ല് വരാനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ റെഡ് മീറ്റിൽ പ്രോട്ടീനും പ്യൂരിനും ധാരാളമുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും വൃക്കകൾക്ക് ആയാസം ഉണ്ടാക്കുകയും ചെയ്യും. പായ്ക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങൾ, ടിന്നിൽ ലഭിക്കുന്ന സൂപ്പുകൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ഇവയിൽ സോഡിയവും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ധാരാളമായുണ്ട്. ഈ രാസവസ്തുക്കളുടെ ഉപയോഗവും വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുന്നു. കൂടാതെ സോഡ, മധുര പാനീയങ്ങൾ ഇവ പതിവായി കഴിക്കുന്നത് പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താൻ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇൻസുലിൻ റസിസ്റ്റൻസിനും കാരണമാകും. വൃക്കരോഗസാധ്യതയുള്ളവരിൽ രോഗം വരാനും ഇത് കാരണമാകും. വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ സമീകൃതഭക്ഷണം ശീലമാക്കുക. ഉപ്പ്, പഞ്ചസാര ഇവയുടെ അളവ് കുറയ്ക്കുക, എപ്പോഴും ആക്റ്റീവ് ആയിരിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക , പുകവലി ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് പ്രധനമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.





















