ഇന്ത്യയിൽ ജനിക്കുന്ന 17 ശതമാനം കുട്ടികളും മാസംതികയാതെയും, ഭാരം കുറഞ്ഞവരുമാണെന്നു റിപ്പോർട്ട്. 2019-21ലെ ജനസംഖ്യാ ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. മാത്രമല്ല മഴ, താപനില, വായു മലിനീകരണം തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പ്രതികൂല ജനന ഫലങ്ങളുമായി വലിയ ബന്ധമുണ്ടെന്നും കണ്ടെത്തി. ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയുടെ വടക്കൻ ജില്ലകളിലെ കുട്ടികൾ അന്തരീക്ഷ വായു മലിനീകരണത്തിന് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ടെന്ന് വിദക്തർ പറയുന്നു. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യു.കെയിലെയും അയർലന്റിലെയും സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് റിമോട്ട് സെൻസിങ് ഡാറ്റ ഉപയോഗിച്ച് ഗർഭകാലത്ത് വായു മലിനീകരണത്തിന് വിധേയമാകുന്നത് പ്രസവ ഫലങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് വിശകലനം പഠനത്തിനായി ഏറെ സഹായകമായി എന്നും വിദക്തർ വ്യക്തമാക്കി.





















