അമിബിക് മസ്തിഷ്‌കജ്വരത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. രണ്ടുവർഷം മുമ്പുവരെ പ്രചരിച്ചിരുന്ന രോഗത്തിൽ വലിയ മലിയ മാറ്റം സംഭവിച്ചതായും കരുതിയിരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് കുറച്ച് വർഷം മുമ്പ് പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വ്യാപിക്കുന്നത് സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ്. അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകളാണ് രോഗവ്യാപനത്തിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്. മലിനജലത്തിൽ നിന്നും മൂക്കിലൂടെ തലച്ചോറിലെത്തിയാണ് മുമ്പ് രോഗം ബാധിച്ചിരുന്നത്. എന്നാൽ മുറിവുകളിലൂടെയും രക്തത്തിലൂടെയും ഇപ്പോൾ രോഗം പടരാൻ കാരണമാകുന്നതായും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോളിഫോം ബാക്ടീരിയ കൂടുതലുള്ള ജലസ്രോതസ്സുകളിൽ ഇത്തരം അമീബകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ജലസ്രോതസ്സുകളിൽ അമീബയുടെ സാന്നിദ്ധ്യം വർധിക്കുന്നതിന്റെ യഥാർത്ത കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ജലസ്രോതസ്സുകളെ മലിനമാക്കാതെ സംരക്ഷിക്കുക എന്നതാണ് പ്രധാന പ്രതിരോധ മാർഗമെന്നും ഗവേഷകർ ഓർമിപ്പിക്കുന്നു.



















