ഷാഫിക്കും സുധാകരനും മഞ്ഞക്കാര്‍ഡ്: എം.പിമാര്‍ മത്സരിക്കേണ്ടെന്ന് എ.ഐ.സിസി

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാട് സീറ്റ് കാത്തിരിക്കുന്ന നേതാക്കള്‍ക്ക് വെല്ലുവിളിയായേക്കും. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ജയിച്ചാല്‍ മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന കണക്കൂകുട്ടലില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയിരുന്ന ഷാഫി പറമ്പില്‍ എംപിക്കും കെ സുധാകരന്‍ എംപിക്കും എഐസിസി തീരുമാനം തിരിച്ചടിയായിരിക്കും. പാലക്കാട് യുവാക്കളെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നത് ഷാഫിയുടെ പേരായിരുന്നു. കണ്ണൂരില്‍ താന്‍ മത്സരിക്കുമെന്ന അവകാശവാദവുമായി സുധാകരന്‍ എത്തിയതും ചര്‍ച്ചയായതായിരുന്നു. ഇതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്.

തദ്ദേശതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷ വളര്‍ന്നതോടെ, മുഖ്യമന്ത്രി, വകുപ്പു മന്ത്രിമാര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കുന്നതിലെ ചര്‍ച്ചകളും ഉയരുന്നുണ്ട്. അതിനിടെ എം.പിമാര്‍ മത്സരിക്കുമെന്ന വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ എംപി സ്ഥാനം വിട്ട് എംഎല്‍എമാരാകാന്‍ ശ്രമിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാനും തര്‍ക്കമുണ്ടാകാനും സാദ്ധ്യതയുണ്ട്. മത്സരിച്ചവര്‍ കൂട്ടത്തോടെ ജയിച്ചുവന്നാല്‍, ഒരു മിനി ലോക്സഭാ തിരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാര്‍ എംപിമാരായി തന്നെ ഇരുന്നാല്‍ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.