ചിരിയുടെ പിന്നിലെ ആരോഗ്യരഹസ്യം

ചിരി ആരോഗ്യത്തിനുള്ള പ്രകൃതിദത്ത മരുന്നാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ചിരിയോളം മികച്ച മരുന്ന് വേറെയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നതു തന്നെ ഒരു ഭാഗ്യമാണ്. ചിരി മാനസികസമ്മര്‍ദം ലഘൂകരിക്കാനും ഇല്ലാതാക്കാനും സഹായിക്കുന്നു. ശരീരത്തിലെ രക്തചംക്രമണം കൂട്ടാന്‍ ചിരി മികച്ചതാണ്. അമിത രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ കുറയ്ക്കാനും പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും ചിരിക്ക് കഴിയും. ചിരിക്കുമ്പോള്‍ മുഖത്തെ പേശികള്‍ക്കും, പൊട്ടിച്ചിരിക്കുന്നതിലൂടെ വയറിനും ഡയഫ്രത്തിനും വ്യായാമം ലഭിക്കുകയും ചെയ്യുന്നു. ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും ചിരിയിലൂടെ സാധിക്കും. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ കൂടുതലായി ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ്, ചിരി കുറയ്ക്കുന്നു. രോഗപ്രതിരോധശേഷിക്കു കാരണമാകുന്ന ആന്റിബോഡികള്‍ വര്‍ധിപ്പിച്ചു രോഗപ്രതിരോധശേഷി കൂട്ടാനും ചിരി സഹായിക്കും. ചിരിയിലൂടെ തലച്ചോറിലേക്കു കൂടുതല്‍ എന്‍ഡോര്‍ഫിന്‍ എത്തുന്നതിനാല്‍ ശരീരത്തില്‍ കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്യും.