ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

തിരുനെല്ലി: ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതി ഞായറാഴ്ച ഭര്‍ത്താവിന്റെ രാത്രി കുത്തേറ്റുമരിച്ചു. സംഭവത്തില്‍ പ്രതിയെ പിടികൂടി നാട്ടുകാര്‍ പോലീസിനു കൈമാറി.

തോല്‍പ്പെട്ടി കൊറ്റന്‍കോട് ചന്ദ്രിക (38) യെ കൊലപ്പെടുത്തിയതിനു ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപ്പറമ്പില്‍ പി.കെ അശോക(45)നെയാണു തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ. എത്താന്‍ വൈകിയതിനു പോലീസിനെ നാട്ടുകാര്‍ തടഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ കാരണം അശോകനും ചന്ദ്രികയും അകന്നാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തുന്ന പ്രതി, നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസവും പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ പോലീസ് സ്ഥലത്തെത്തി, അശോകനെ കസ്റ്റഡിയിലെടുത്തു. പിന്നീടു സ്വമേധയാകേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ ഭാര്യയുടെ വീട്ടുപരിസരത്തെത്തിയ പ്രതി തോട്ടത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്നു ചന്ദ്രിക പുറത്തിറങ്ങി പാത്രം കഴുകുന്നതിനിടയില്‍ കുത്തുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY