സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ‘ജലമാണ് ജീവന്‍’ ക്യാമ്പയ്‌ന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിത കേരളം മിഷന്‍ തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയ്ന്‍. ഇതിനോട് അനുബദ്ധിച്ച് ഓഗസ്റ്റ് 30,31 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്‌കജ്വരം അടക്കമുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുണ്ടിക്കാട്ടി. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌കജ്വരം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 8 ആക്ടീവ് കേസുകളുമുണ്ട്. ജലസ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷനില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.



















