എലിപ്പനിയുടെ പ്രഭവ കേന്ദ്രമായി വേമ്പനാട്ട് കായല്‍?

സംസ്ഥാനത്ത് എലിപ്പനി രോഗവും വ്യാപനവും ശക്തമാകുന്നതിന് പിന്നാലെ വേമ്പനാട്ട് കായൽ എലിപ്പനിയുടെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നാകുന്നതായി റിപ്പോർട്ടുകൾ. കായലിലെ ജലത്തിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും വെള്ളപ്പൊക്കം പോലുള്ള പ്രതിഭാസങ്ങളിലൂടെ രോഗം മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്നതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാട്ടർ എയർ ആന്റ് സോയിൽ പൊല്യൂഷൻ എന്ന സ്പ്രിങ്കർ ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേമ്പനാട്ട് കായലിലെ 13 കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കാലയളവുകളിലായി ശേഖരിച്ച ജല സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. സംസ്ഥാനത്ത് എലിപ്പനി മരണങ്ങൾ വർധിക്കുന്നുവെന്ന ആശങ്ക നിലനിൽക്കെ പുറത്തുവന്ന പുതിയ ഗവേഷണ റിപ്പോർട്ട് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.