‘കേരള കെയര്‍’, രോഗികള്‍ക്ക് വീട്ടില്‍ സൗജന്യ ചികിത്സ

ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സയും സാമൂഹിക-മാനസിക പിന്തുണയും ഉറപ്പാക്കുന്ന കേരള പാലിയേറ്റീവ് ഗ്രിഡായ കേരള കെയര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കൊല്ലം ജില്ലയില്‍ മാത്രം പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമറിയിച്ച് 8081 രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രോഗികള്‍ക്ക് പുറമെ, സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. 421 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, 58 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 16 സാമുഹികാരോഗ്യ കേന്ദ്രങ്ങള്‍, 8 ആശുപത്രികള്‍, 41 സന്നദ്ധ സംഘടനകള്‍, 134 സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ, 503 സര്‍ക്കാര്‍ സംവിധാനങ്ങള്‍, 175 സര്‍ക്കാര്‍ ഇതര സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. ഇവ മുഖേന തികച്ചും സൗജന്യമായാണ് രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്നത്.