സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8 മരണവും റിപ്പോർട്ട് ചെയ്തു. മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി കാണേണ്ടതുണ്ടെന്നു ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു. ​ നിലവിലെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും ഈ മാസം മാത്രം സംസ്ഥാനത്ത് 37 പേർക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത് എന്നും അധികൃതർ വ്യക്തമാക്കി. വടക്കൻ ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. നിപ ലക്ഷണങ്ങളോട് സമാനമാണ് മസ്തിഷ്ക ജ്വര ലക്ഷണങ്ങളും. എന്നാൽ എ ഇ എസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നടത്തുന്നത് വളരെ വിരളമാണ്. അക്യൂട്ട് എൻസിഫലിറ്റിസ് സിൻഡ്രോം സ്ഥിരീകരിക്കുന്നവരിൽ നിർബന്ധമായും നിപ ട്രൂനാറ്റ് പരിശോധന നടത്തണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇൻഫ്ലുവൻസ രോഗബാധിതരിലും വലിയ വർധനയുണ്ട്. സ്കൂൾ തുറന്നതും, മഴ കനത്തതുമെല്ലാം ഇൻഫ്ലുവൻസാ രോഗവ്യാപനത്തിന് കാരണമാകാം. എന്നാൽ മസ്തിഷ്കജ്വര വ്യാപനത്തിലും നിപയിലും അതീവ ജാഗ്രതപുലർത്തണമെന്നും നിർദേശിക്കുകയാണ് ആരോഗ്യവകുപ്പ്.