മക്കളെ കെട്ടിപ്പിടിക്കാറുണ്ടോ? മക്കളോട് സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ അറിയാത്ത മാതാപിതാക്കൾ ഇന്നും ധാരാളമുണ്ട്. കുട്ടികളോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും സിംപിളായ മാർഗമാണ് അവരെ ഒന്നു കെട്ടിപ്പിടിക്കുക എന്നത്. ഇത് കുട്ടികളെ വളരെ ആഴത്തിൽ സ്വാധീനിക്കുകയും സ്വഭാവരൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുമെന്ന് അമേരിക്കൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അഞ്ചിനും പത്തു വയസിനും ഇടയിലാണ് കുട്ടികളിൽ സ്വഭാവ രൂപീകരിണം നടക്കുന്നത്. ഈ പ്രായത്തിൽ മാതാപിതാക്കളിൽ നിന്നുള്ള ആലിംഗനം കുട്ടികളെ കൂടുതൽ ആത്മവിശ്വാസമുള്ളവരും കരുണയുള്ളവരും ഉത്തരവാദിത്വമുള്ളവരുമാക്കുമെന്ന് പഠനം വിശദീകരിക്കുന്നു. കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾ നേരിടുന്ന സമ്മർദങ്ങളും വെല്ലുവിളികളും പിൻകാലത്ത് അവരിൽ ട്രോമയും മാനസികപ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ഒഴിവാക്കാൻ മുതിർന്നവരിൽ നിന്നുള്ള സ്നേഹവും കരുതലും നൽകുന്ന ആത്മവിശ്വാസം സഹായിക്കും.






















