ബയോ ഡീഗ്രേഡബിള്‍ ബാഗുകളിലെ വിഷാംശം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ബയോ ഡീഗ്രേഡബിള്‍ ബാഗിന്റെ കണികകള്‍ ഭക്ഷിച്ച എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പ്രകൃതി സൗഹൃദമായ ബദലായിട്ടാണ് ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍ നാം ഉപയോഗിക്കുന്നത്. എന്നാലിപ്പോള്‍ ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ബയോ ഡീഗ്രേഡബിള്‍ ബാഗുകളില്‍ വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ പൊതിയാന്‍ ബയോ പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ നിന്നാണ് വിഷാംശം ഉണ്ടാകുന്നത്. അദ്യശ്യമായ കണികകളായ മൈക്രോ പ്ലാസ്റ്റിക്കിന് ഭക്ഷണം, പാനീയം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.






















