എറണാകുളം ജനറല്‍ ആശുപത്രി; ആദ്യ ശസ്ത്രക്രീയയ്ക്ക് വിധേയയാവുക നേപ്പാള്‍ സ്വദേശിനി

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് സജ്ജമായിട്ടുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യ ശസ്ത്രക്രീയയ്ക്ക് വിധേയയാവുക നേപ്പാള്‍ സ്വദേശിനി. ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയവരില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ ഇല്ലാത്തതിനാലാണ് പുറത്തുനിന്നുള്ള ആളെ ശസ്ത്രക്രീയയ്ക്കായി പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി രോഗിയുടെ ആരോഗ്യ പരിശോധനകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് ഉള്ള ലൈസന്‍സ് ലഭിച്ചത്. തുടര്‍ന്ന് അപേക്ഷകള്‍ ക്ഷണിച്ചെങ്കിലും ശസ്ത്രക്രീയയ്ക്കുള്ള പ്രായം, തൂക്കം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരെയും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനവഴിയാണ് നേപ്പാളില്‍നിന്നുള്ള യുവതി ആദ്യ രജിസ്‌ട്രേഷനായി എത്തിയത്. യോജിച്ച ഹൃദയം ലഭിച്ചശേഷം മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ ശസ്ത്രക്രീയ ഉടന്‍ നടക്കുമെന്നാണ് സൂചന. ശസ്ത്രക്രീയ തികച്ചും സൗജന്യമാണ്.