കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. അഞ്ചു പേരുടെയും മരണ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഇവരില്‍ രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതേസമയം, മൂന്നുപേര്‍ ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന ടി. സിദ്ദിഖ് എം.എല്‍.എയുടെ ആരോപണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തള്ളി. വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍, മേപ്പാടി സ്വദേശി നസീറ, പേര് വ്യക്തമല്ലാത്ത മറ്റൊരാളുമാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 7.30ഓടെയാണ് കോഴിക്കോട് മെഡി. കോളേജില്‍ തീപിടുത്തം ഉണ്ടായത്. പൊട്ടിത്തെറിയും പുകയും ഉയര്‍ന്നതോടെ അത്യാഹിത വിഭാഗത്തില്‍നിന്നും രോഗികളെ പുറത്തേയ്ക്ക് മാറ്റി. ജീവനക്കാരുടെയും വോളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്.