30 വയസ്സ് കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങൾ

30 വയസ്സ് കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. ഓസ്റ്റിയോആര്‍ത്രൈറ്റിസ് ആന്‍ഡ് കാര്‍ട്ടിലേജ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫിന്‍ലാന്‍ഡിലെ ഊലു സര്‍വകലാശാലയിലെ ജൂന ടാപിയോ, അന്‍ടി കെംപൈനെന്‍ എന്നിവരാണ് പഠനം നടത്തിയത്. 228 പേരുടെ എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടുകളാണ് ഇവര്‍ പഠനത്തിനായി വിശകലനം ചെയ്തത്. ഇതില്‍ 61 ശതമാനത്തോളം സ്ത്രീകളാണ്. ഇവരുടെ എംആര്‍ഐ സ്‌കാനുകള്‍ പരിശോധിച്ചപ്പോള്‍, ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ കാല്‍മുട്ടുകളില്‍ ഘടനാപരമായ മാറ്റമുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പകുതിയോളം പേരിൽ , മുട്ടിന്റെ ചിരട്ടയും തുടയെല്ലുമായി ചേരുന്നിടത്തെ തരുണാസ്ഥിയ്ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഈ പ്രശ്‌നങ്ങള്‍ക്ക് സാധ്യമായ കാരണങ്ങളും ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശരീരഭാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ശരീരഭാരം കൂടുന്നതനുസരിച്ച് ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബിഎംഐയും വര്‍ധിക്കും. ഇത് കാല്‍മുട്ടിലെ അസ്ഥികളില്‍ ഘടനാപരമായ മാറ്റമുണ്ടാക്കും. യൂറിക് ആസിഡും സിസ്റ്റോളിക് ബ്ലഡ് പ്രഷറുമാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റ് കാരണങ്ങള്‍. പാരമ്പര്യവും മുട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്ന് പഠനത്തില്‍ പറയുന്നു.