സസ്യാഹാരികൾ ലൈംഗിക ജീവിതത്തിൽ സംതൃപ്തർ

മാംസാഹാരികളെക്കാൾ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏർപ്പെടുന്നവരും സസ്യാഹാരികൾ ആണെന്ന് പുതിയ പഠനറിപ്പോർട്. സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ മാംസാഹാരികൾ കിടക്കയിൽ കൂടുതൽ സ്വാർഥരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ അസംതൃപ്തരും ആണെന്നും യുകെ യിലെ ഹക്ക്നൾ ഡിസ്പാച്ച് നടത്തിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറച്ചി കഴിക്കുന്നവർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം സെക്സ് ആസ്വദിക്കുമ്പോൾ സസ്യാഹാരികൾ ആഴ്ചയിൽ മൂന്നു നാലു തവണ സെക്സിൽ ഏർപെടുന്നതായി സർവേ പറയുന്നു. 84 ശതമാനം സസ്യാഹാരികളും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തരായിരിക്കുമ്പോൾ മാംസാഹാരികളിൽ 59 ശതമാനം മാത്രമാണ് സംതൃപ്തി അനുഭവിക്കുന്നത്. ഈ നിഗമനങ്ങളിലെത്താൻ യുകെയിലെ ഏറ്റവും വലിയ എക്സ്ട്രാ മാരിറ്റൽ പോർട്ടൽ ആയ ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്സ് ഡോട്ട് കോം, ഏതാണ്ട് 500 സസ്യാഹാരികളെയും 500 മാംസാഹാരികളെയും സർവേയിൽ പങ്കെടുപ്പിച്ചു. സർവേയിൽ പങ്കെടുത്ത സസ്യാഹാരികളായ 95 ശതമാനം പേരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തരാണെന്ന് കണ്ടെത്തി. സസ്യാഹാരി ആകുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും സന്തോഷവും ലൈംഗികാസക്തിയും വർധിപ്പിക്കുകയും ചെയ്യുമെന്നും സർവേയിൽ പറയുന്നു.