കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നു പുതിയ പഠനം

കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നും രോ​ഗവ്യാപനത്തിലേക്ക് നയിച്ചത് വന്യജീവി വ്യാപാരമാണെന്നും പഠനം. സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. വുഹാനിലെ മാർക്കറ്റുകളിൽ വിറ്റഴിച്ച മൃഗങ്ങളിൽ നിന്നാണ് വൈറസിൻ്റെ ഉത്ഭവമെന്നാണ് ​ഗവേഷകർ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പടിഞ്ഞാറൻ ചൈനയിലോ വടക്കൻ ലാവോസിലോയുള്ള കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസ്, അതിന്റെ ഉത്ഭവസ്ഥാനം വിട്ട് ഏകദേശം 2,700 കിലോമീറ്റർ സഞ്ചരിച്ച് മധ്യ ചൈനയിലെത്തിയതിന് ശേഷം മാത്രമാണ് വൈറസ് മനുഷ്യരിൽ പ്രത്യക്ഷപ്പെടുന്നത്. വൈറസിന്റെ പ്രധാന വാഹകരായ ഹോഴ്സ്ഷൂ വവ്വാലുകൾക്ക് ഇത്ര ദൂരം സഞ്ചരിക്കാനാകില്ലെന്നും അതിന് കാരണമായത് വന്യജീവി വ്യാപാരമാണെന്നുമാണ് ​ഗവേഷകരുടെ നി​ഗമനം.