ഇനി ഒറ്റ ഗുളിക കൊണ്ട് അമിതവണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സാധിക്കും. അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘എലി ലില്ലി’യുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കമ്പനി വ്യക്തമാക്കി. പരീക്ഷണ ഗുളികയ്ക്ക് മനുഷ്യരിൽ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ രോഗികളിലെ ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാനും സാധിച്ചതായി കമ്പനി അവകാശപ്പെട്ടു. ഓർഫോർഗ്ലിപ്രോൺ എന്ന ഗുളികയുടെ ഒട്ടേറെ പരീക്ഷണങ്ങൾ ഇതിനു മുമ്പും നടന്നിരുന്നു. എന്നാൽ, ആദ്യമായാണ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കമ്പനി അവകാശപ്പെടുന്നത്. ഇതോടെ, ശരീരഭാരം കുറയ്ക്കാൻ കാത്തിരിക്കുന്ന കോടിക്കണക്കിന് ആളുകൾക്ക് ഫലപ്രദവും താരതമ്യേന ഉപയോഗിക്കാൻ എളുപ്പമായതുമായ ചികിത്സാരീതി എത്തുമെന്ന് പ്രതീക്ഷ ഉടലെടുത്തു. ലോകത്താകെ, ഒട്ടേറെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കുത്തിവെയ്പ്പിലൂടെ അല്ലാതെ, സൗകര്യപരമായ രീതിയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതി കണ്ടെത്താനുള്ള ഗവേഷണം നടത്തുന്നുണ്ട്. അതിനിടെയാണ്, ഗുളിക പോലെ ഏറ്റവും സുഖകരമായ രീതിയുമായി എലി ലില്ലി രംഗത്തുവരുന്നത്.






















