ഫാറ്റി ലിവർ; മാസം തികയാതെ പ്രസവിക്കാൻ സാധ്യത

ഫാറ്റി ലിവർ രോ​ഗമുള്ള സ്ത്രീകൾ മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ. ആ​ഗോളതലത്തിൽ സാധാരണയായി കാണപ്പെടുന്ന രോ​ഗങ്ങളിൽ ഒന്നാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളിൽ ഇത് കൂടുതൽ സാധാരണയാകുന്നതായി റിപ്പോർട്ടുകളുണ്ട്. സ്വീഡനിലെ മെഡിക്കൽ ഡാറ്റ ഉപയോഗിച്ച് ഫാറ്റി ലിവർ ബാധിച്ച സ്ത്രീകളിലെ 240 പ്രസവങ്ങളും പൊതുവായ സ്ത്രീകളിലെ 1,140 പ്രസവങ്ങളും പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. ഫാറ്റി ലിവർ ബാധിച്ച സ്ത്രീകൾ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണ്. ബോഡി മാസ് ഇൻഡക്സിന് പുറമെ കരൾ രോ​ഗങ്ങളും പ്രസവത്തിൽ ഒരു പങ്ക് വഹിക്കുന്നതിന്റെ സൂചനയാണ് പഠനമെന്ന് ​ഗവേഷക കരോൾ എ. മാർക്സർ പറഞ്ഞു.