ആലപ്പുഴ ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. പ്രതിരോധം ഊർജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 2013-ലാണ് മുൻപ് ഇവിടെ കോളറ പിടിപെട്ടത്. അന്ന് 10 പേർക്കു രോഗബാധയുണ്ടായി. അതിനുമുൻപ് 2002-ൽ കുട്ടനാട്ടിൽ കോളറ പടർന്നപ്പോൾ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായിരുന്നു. പാചകത്തിന് ആറ്റിലെയും കായലിലെയും വെള്ളം ഉപയോഗിക്കുന്നതായിരുന്നു കോളറ ഉൾപ്പെടെയുള്ള വയറിളക്കരോഗങ്ങൾ വ്യാപകമാകാൻ കാരണമായതെന്ന് അധികൃതർ പറയുന്നു. 2013-ൽ തോട്ടിലെ മലിനജലം കുടിച്ചവർക്കാണ് കോളറ സ്ഥിരീകരിച്ചത്. ശുദ്ധജലം കിട്ടാത്ത മേഖലകൾ കുട്ടനാട്ടിൽ ഇപ്പോഴുമുണ്ടെന്നും, കുട്ടനാട്ടിലെ മലിനജലത്തിൽ കോളറയ്ക്കു കാരണമാകുന്ന ബാക്ടീരിയ നിലനിൽക്കുന്നതായും സംശയിക്കപ്പെടുന്നു.